Mukesh's Statement About Dileep Out
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ശേഷം നടിയെ വിളിച്ചിരുന്നുവെന്നും മുകേഷ് നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് നടി നീതി കിട്ടണം എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. പരാതികള്‍ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നു. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ല. ഇടത് എംഎല്‍എ കൂടിയായ മുകേഷ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏറെ പഴി കേട്ടിരുന്നു. നടിക്കൊപ്പം നില്‍ക്കുന്നതിന് പകരം അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ അഴകൊഴമ്പന്‍ നിലപാട് എടുക്കുകയും ദിലീപിന് വേണ്ടി ഒച്ചയിടുകയും ചെയ്തത് വലിയ വിവാദമായിരുന്നു. സിപിഎമ്മിന് തന്നെ ഈ സംഭവം വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്തിരുന്നു. കൂടാതെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒന്നരവര്‍ഷക്കാലത്തോളം മുകേഷിന്റെ ഡ്രൈവറായിരുന്നു എന്ന വിവരവും എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. മനോരമ ന്യൂസ് പുറത്ത് വിട്ട മൊഴിയില്‍ മുകേഷ് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. അമ്മയുടെ ഷോ 2013ല്‍ നടക്കുമ്പോള്‍ പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് സമ്മതിക്കുന്നു.